ആദ്യകാലത്ത് ആരുടേയും ആവശ്യങ്ങളും മോഹങ്ങളും കുറവായിരുന്നു.യാത്രയും അതിനാൽത്തന്നെ കുറവ്.കാൽനടയാണ് യാത്രാരീതി.പ്രഭുക്കന്മാർ സ്വകാര്യവാഹനമായി ഉപയോഗിച്ചിരുന്നത് മഞ്ചൽ.ഒരു തണ്ടും നടുക്കൊരു അറയും.തണ്ട് വാലിയക്കാർ ചുമന്ന് മൂളി നീങ്ങും.തമ്പുരാൻ മഞ്ചലിന്റെ അറയിൽ ഇരിക്കും…കിടക്കും.സുഖം.കൂടുംബസമേതം യാത്രക്ക് അലങ്കരിച്ച കാളവണ്ടി.യുവാക്കൾക്ക് അവരുടെ വേഗത കൂടിയ സഞ്ചാരത്തിന്ന് കുതിരയും.
വാഹനങ്ങളുടെ കണ്ടുപിടുത്തത്തിലൂടെ കാറ്,ബസ്, തീവണ്ടി,ബോട്ട്,വിമാനം….എന്നിവ വന്നു. സമ്പന്നർ, പ്രഭുക്കൾ, ഭരണസാരഥികൾ കാറും, സാധാരണക്കാർ ബസ്സും തീവണ്ടിയും.. സർക്കാരാണ് സാധാരണക്കാരന്റെ ഈ സംവിധാനങ്ങളെ നിയന്ത്രിച്ചിരുന്നത്.ഇവരുടെ സഞ്ചാരപഥങ്ങൾ അതുകൊണ്ടുതന്നെ സർക്കാരിന്റെ ചട്ടങ്ങളിലും ക്രമങ്ങളിലും ഒതുങ്ങി നടന്നു.
1980 വരെ ആഢ്യത്വം, സമ്പന്നത,അധികാരം എന്നിവയുടെ അടയാളമായിരുന്നു കാറ്.ഇതിനിടയ്ക്ക് ദൂരദർശൻ തുടങ്ങിയ ചാനലുകൾ ഓരോന്നായി നമ്മെ വശീകരിച്ചുകൊണ്ടിരുന്നു. ഉപഭോഗാർത്തിവളർത്തുന്നതിൽ Primetimeൽ തന്നെ ഇതൊക്കെയും നല്ല പ്രകടനം കാഴ്ചവെച്ചു.കാറുകളടക്കമുള്ള ഗൃഹോപകരണങ്ങളുടെ പരസ്യത്തിൽ നാം ഇതിന്റെയൊക്കെ സൌകര്യവും അനിവാര്യതയും പഠിച്ചു ബോധ്യപ്പെട്ടു.എന്നാൽ ഇതൊക്കെയും കൈവശമാക്കുന്നതിന്ന് ഏറ്റവും വലിയ തടസം കൂട്ടുകുടുംബ വ്യവസ്ഥിതിയായിരുന്നു.അതും ചാനലുകൾ കൈകാര്യം ചെയ്തു. അമ്മായിഅമ്മപ്പോരിന്റെ ഏറ്റവും വലിയ സീരിയലുകൾ, സിനിമകൾ ഇക്കാലത്താണ് പ്രകാശനം ചെയ്തത്.നാമിവയൊക്കെ ഇരുന്നു കണ്ടപ്പോൾ അണുകുടുംബങ്ങളുടെ സൌഖ്യം സ്വപ്നം കണ്ടു.അതു സാധിച്ചെടുക്കാനായി പിന്നെ ശ്രമം.അതുകൂടി സാധിച്ചതോടെ ഉപഭോഗം തന്നെ ജീവിതലക്ഷ്യമായി.ഇതുതന്നെയായിരുന്നുവല്ലോ ചാനലുകളുടെ ആവശ്യവും.അങ്ങനെ 1980കൾ ഇന്ത്യൻ ഉപഭോഗസംസ്കാരത്തിന്റെ അരങ്ങു തെളിയിച്ചു.മാരുതിപോലുള്ള ചെറിയകാറുകൾ ഇറങ്ങുന്നതും ഇക്കാലത്താണ്.കാഡിലാക്ക്, അംബാസഡർ തുടങ്ങിയ വലിയകാറുകളുടെ വാസ്തുഘടനനമ്മുടെനാലുകെട്ടിന്റേതാണത്രെ.ഫിയറ്റ്,മാരുതി പോലുള്ള ചെറിയ കാറുകളുടെ വാസ്തു ഒറ്റപ്പുരയുടേതാണ്. കൂട്ടുകുടുംബം തകർന്ന് ചെറിയവീടുകൾ വന്നത് എത്രശ്രദ്ധാപൂർവം ഉപഭോഗവസ്തുനിർമ്മാതാക്കൾഎഞ്ചീനീയർചെയ്തുവെന്ന് അത്ഭുതം അല്ലേ.ചെറിയകാറുകൾ വരുമാനമുള്ളവർക്ക് വാങ്ങാമെന്നായി. ബാങ്കുകൾ വേണ്ടത്ര കടം നൽകി. കാറുകൾ പ്രമാണിമാർക്കുമാത്രമെന്ന അവസ്ഥ പോയി.(പ്രമാണിമാർ അവരുടെ സ്വത്വം കാണിച്ചത് ബാങ്ക് വായ്പ്പ വാങ്ങുന്നില്ലെന്ന് പ്രഖ്യാപിച്ചാണ്.)ഇടയ്ക്കൊന്നു പറയട്ടെ,ഇക്കാലത്തുതന്നെയാണ് സാധാരണക്കാർക്കിടയിൽ ക്രിക്കറ്റ് പ്രചരിച്ചതും മെല്ലെ ജനകീയമായതും.അതിന്റെ പാർശ്വഫലമായി ക്രിക്കറ്റ് വലിയ സാമ്പത്തിക പ്രവർത്തനമുള്ള കാര്യമായി (‘കളി’ യുടെ സ്വഭാവം പോയി; കളി കാര്യമായി!)അണുകുടുംബത്തിന്റെ സാങ്കൽപ്പികസുരക്ഷിതത്വവും ചെറിയകാറിന്റെ സുരക്ഷിതത്വവും ഒത്തുചേർന്നു. പാർക്ക്ചെയ്യാൻ കുറച്ചു സ്ഥലം മതി, ഇന്ധനം കുറവ് മതി, മെയിൻറ്റനൻസ് കുറവ്…അങ്ങനെ.പക്ഷെ നശിച്ചത് സമൂഹത്തിന്റെ കൂട്ടായ്മയാണ്.അന്യന്റെ സുഖ ദു:ഖങ്ങളിൽ ചിന്ത വിട്ടു.ഒക്കെ സ്വന്തം എന്ന നിലയിലായി. സാമൂഹ്യമനുഷ്യൻ അറ്റുപോയതോടെ മനുഷ്യൻ ഏകാകിയും അശക്തനുമായി.സ്വയം രക്ഷ മാത്രമായി ഉന്നം.എല്ല്ലാം സ്വന്തം സന്തോഷത്തിന്നും ധനസംപാദനത്തിനും കീഴ്പ്പെട്ടു.മോഹങ്ങൾ സ്വ ശേഷിക്കു ഉപരിയായി.അസംതൃപ്തിയും ആശങ്കയും വളർന്നു.സർഗ്ഗശക്തിയും ആരോഗ്യവും അപചയപെട്ടു.ഇനി ഇതിൽനിന്നുരിപ്പോരാൻ വഴിതിരയുന്നവരുടെകൂടെവേണം നാമും.
K.P.Kesavankutty
No comments:
Post a Comment